തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കി.45 പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന.
ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധ തരം ചിപ്സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും.
അയൽ സംസ്ഥാനങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 24 മണിക്കൂറും പരിശോധന നടത്തും.വീഴ്ചകൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.