എറണാകുളം : ലഹരി വിപത്തിനെതിരെ കൈകോർക്കാൻ ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതി. മദ്യ- മയക്കുമരുന്ന് ലഹരിക്കെതിരെ തലസ്ഥാന നഗരിയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. മാർച്ച് 19 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ഉപവാസം.
എലപ്പുള്ളിയിലെ മദ്യനിർമ്മാണ പ്ലാന്റ് ജലക്ഷാമം രൂക്ഷമാക്കുമെന്ന് സഭയുടെ മദ്യവർജ്ജന സമിതി പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത പറഞ്ഞു. മേഖലയിലെ കർഷകർ ഇപ്പോൾ തന്നെ പ്രതിസന്ധി നേരിടുന്നു. അത്തരമൊരു സ്ഥലത്ത് മദ്യനിർമ്മാണകേന്ദ്രം തുടങ്ങാനുള്ള തീരുമാനം ആ ജനതയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
ബ്രൂവറിക്കെതിരെ വലിയ പ്രതിഷേധം പൊതുസമൂഹത്തിൽ ഉയർന്നു വരുന്നു. ലഹരിയിൽ നിന്ന് ഭാവി തലമുറയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സഭയ്ക്കുണ്ടെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. മദ്യവർജ്ജന സമിതിയുടെ നേതൃത്വത്തിൽ മെയ് 15ന് പരുമലയിൽ ലഹരിക്കെതിരെ കൂടുകൂട്ടാം എന്ന പേരിൽ ടീനേജ് ക്യാമ്പ് സംഘടിപ്പിക്കും. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യുമെന്നും മെത്രാപ്പോലീത്ത അറിയിച്ചു.