തിരുവനന്തപുരം : ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിൽ മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ കണ്ടെത്തിയതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നുമാണ് മായം ചേർത്ത പെർഫ്യൂം പിടികൂടിയത്.
ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ‘കരിഷ്മ പെർഫ്യൂം’ എന്ന പേരിൽ ഇറക്കിയ പെർഫ്യൂമിലാണ് മീഥൈൽ ആൽക്കഹോൾ അമിത അളവിൽ കണ്ടെത്തിയത്.ഇതിൽ മീഥൈൽ ആൽക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മീഥൈൽ ആൽക്കഹോൾ അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്.കേരള പോയിസൺ റൂളിന്റെ ഷെഡ്യൂൾ ഒന്നിൽ വരുന്ന ഒരു വിഷമാണ് മീഥൈൽ ആൽക്കഹോൾ. പെർഫ്യൂം ആയിട്ടാണ് നിർമ്മിക്കുന്നതെങ്കിലും ആഫ്റ്റർ ഷേവ് ആയിട്ടാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അതിനാൽ തന്നെ മൃദുവായ മുഖ ചർമ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തിൽ ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകും .