തിരുവല്ല : സ്വകാര്യ കെട്ടിട നിർമ്മാണ മേഖലിലെ കരാറുകാരുടെ ഏക സംഘടനയായ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പിബിസിഎ) സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ശനിയാഴ്ച വൈകിട്ട് ആരംഭിക്കും.
വൈകിട്ട് 5ന് കോട്ടയത്തുനിന്നും സംസ്ഥാന സെക്രട്ടറി എം എസ് ഷാജി ജാഥാ ക്യാപ്ടനായി കൊണ്ടുവരുന്ന പതാക സ്വാഗത സംഘം ജനറൽ കൺവീനർ ടി വിനോദ് ഏറ്റുവാങ്ങും. ആലപ്പുഴയിൽ നിന്നും പി ബിസിഎ വൈസ് പ്രസിഡൻ്റ് പി ജെ കുഞ്ഞപ്പൻ ക്യാപ്ടനായി കൊണ്ടുവരുന്ന പതാക സ്വാഗത സംഘം വൈസ് ചെയർമാൻ ഡി മനോഹരൻ ഏറ്റുവാങ്ങും.
ശനിയാഴ്ച വൈകിട്ട് പൊതുസമ്മേളന നഗരിയായ തിരുവല്ല മുൻസിപ്പൽ ഓപ്പൺ നഗരിയിൽ സ്വാഗതസംഘം ചെയർമാൻ രാജുഏബ്രഹാം പതാക ഉയർത്തും. ഞായറാഴ്ച രാവിലെ 9 ന് സംസ്ഥാന പ്രസിഡൻ്റ് സി കെ വേലായുധൻ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും. പാലിയേക്കര സെൻ്റ് ജോർജ് പാരിഷ് ഹാളിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
നിർമ്മാണമേഖലയിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ മാത്യു ടി തോമസ് എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്യും.ലോയേസ് യൂണിയന് അഖിലേന്ത്യാ സെക്രട്ടറി കെ അനിൽകുമാർ വിഷയാവതരണം നടത്തും. തിങ്കളാഴ്ച വൈകിട്ട് പ്രതിനിധി സമ്മേളന നഗരിയിൽ നിന്നും പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം രാജുഏബ്രഹാം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം എസ് ഷാജി, സ്വാഗതസംഘം വൈസ് ചെയർമാൻ ബിനിൽകുമാർ, ജനറൽ കൺവീനർ ടി വിനോദ്, ജില്ലാ പ്രസിഡൻ്റ് ഡി സി മനോഹരൻ എന്നിവർ അറിയിച്ചു.