തിരുവല്ല: റോഡിന്റെ ദുരവസ്ഥയെ തുടർന്ന് കുറ്റൂർ ഹിൽടോപ്പ് റസിഡൻസ് അസ്സോസിയേഷൻ നേതൃത്വത്തിൽ വായ്മുടികെട്ടി മൗന പ്രതിഷേധ ജാഥ കുറ്റൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തി. ശനിയാഴ്ച രാവിലെ 10-ന് പൊട്ടൻമലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ കുറ്റൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ സമാപിച്ചു.
പൊട്ടൻ മല- തിരുവാമനപുരം റോഡ്, പാണ്ടിശ്ശേരി- മാമ്പറമ്പ് റോഡ് എന്നീ റോഡുകളാണ് നാളുകളായി തകർന്ന് യാത്ര ദുരിതം നേരിടുന്നത്. പൊട്ടൻമലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും, റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് 100 ഓളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.
പൊട്ടൻമല മുതൽ കുറ്റൂർ പഞ്ചായത്ത് ഓഫീസ് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം വായ്മുടികെട്ടി മൗന പ്രതിഷേധ ജാഥ നടത്തിയത്. അസോസിയേഷൻ അംഗങ്ങളായ അഡ്വ. രാജശേഖരൻ നായർ, ഫിലിപ്പോസ് മത്തായി, ജനിസ്റ്റർ ജോസഫ്, രാജീവ് എന്നിവർ നേതൃത്വം നൽകി.






