തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ദേഹവിയോഗം ക്രൈസ്തവ ലോകത്തിന് ഒരു തീരാനഷ്ടമാണെന്നും ലോകം മുഴുവന്‍ അറിയപ്പെട്ടതും ആദരിച്ചതുമായ ഒരു ആത്മീയ ഇടയാനായിരുന്നുവെന്നും ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു. സമൂഹത്തില്‍ അവഗണനയും പീഡനങ്ങളും അനുഭവിക്കുന്ന ജനതയുടെ പക്ഷം ചേര്‍ന്ന് യഥാര്‍ത്ഥ ക്രൈസ്തവികതയിലധിഷ്ഠിതമായി പ്രവര്‍ത്തിച്ച ഇടയശ്രേഷ്ഠനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പാ.
വാക്കിലും പ്രവര്‍ത്തിയിലും വ്യത്യസ്ഥതകളുടെ വലിയ ഇടയനായിരുന്നു അദ്ദേഹം. ലോകസമാധാനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും സംഘര്‍ഷ ഇടങ്ങളില്‍ സമാധാന ദൂതനായി നിലകൊള്ളുകയും ചെയ്തു. ഒരു സാധാരണക്കാരനായി ജീവിക്കുകയും സാധുക്കളോടുള്ള പ്രത്യേക കരുതല്‍ ജീവിതശൈലിയുടെ ഭാഗമാക്കുകയും ചെയ്തു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ദേഹവിയോഗത്തില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.