തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്ന് മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന ജീവനക്കാരനാണ്. പ്രശാന്തനെ ഇനി സ്ഥിരപ്പെടുത്തില്ലെന്നും പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തനെതിരെ അഡീഷനൽ ചീഫ് സെക്രട്ടറിയും ഡിഎംഇയും പരിയാരത്തെത്തി അന്വേഷണം നടത്തും. ഡിഎംഇയോട് റിപ്പോർട്ട് തേടിയിരുന്നു. പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് ഡിഎംഇ അറിയിച്ചതിനാലാണ് തുടരന്വേഷണം നടത്തുന്നത്. മന്ത്രി വ്യക്തമാക്കി