ആറന്മുള : ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മനാളായ നാളെ അഷ്ടമിരോഹിണി നാളിൽ പാർഥസാരഥി ക്ഷേത്ര തിരുമുറ്റത്ത് നടക്കുന്ന അഷ്ടമി രോഹിണി വള്ള സദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പള്ളിയോട സേവാ സംഘം ഭാരവാഹികളും അറിയിച്ചു.
രാവിലെ 11.30 ന് ക്ഷേത്രത്തിൻ്റെ ആനക്കൊട്ടിലിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വള്ള സദ്യ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്, പ്രമോദ് നാരായണൻ എം എൽ എ , ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, പള്ളിയോട സേവാ സംഘം ഭാരവാഹികൾ, ജനപ്രതിനികൾ തുടങ്ങിയവർ പങ്കെടുക്കും
ലോകത്ത് തന്നെ ഏറ്റവുമധികം ആളുകൾ ഒരേ സമയം പങ്കെടുക്കുന്ന സദ്യ എന്നനിലയിൽ റിക്കാർഡ് ബുക്കുകളിലും ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇടംനേടിയിട്ടുണ്ട്.
അന്നദാന പ്രഭുവായ പാർത്ഥസാരഥിയുടെ തിരുനാളായ അഷ്ടമിരോഹിണി ദിവസം, ഭഗവത് ദർശനത്തിനെത്തുന്നവർക്കായി പള്ളിയോട സേവാസംഘവും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കുന്ന പിറന്നാൾ സദ്യയാണ്, പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ. വള്ളസദ്യകൾക്ക് ഒരുക്കുന്ന എല്ലാ വിഭവങ്ങളും അഷ്ടമിരോഹിണി വള്ളസദ്യക്കായും ഒരുക്കും. പള്ളിയോടങ്ങളിലെത്തുന്ന കരക്കാർക്ക് പ്രത്യേകം ക്രമീകരിച്ച പന്തലുകളിലും മറ്റ് ഭക്തർക്കായി ക്ഷേത്രമതിൽ ക്കെട്ടിനുള്ളിലും സദ്യ വിളമ്പും.
തൻ്റെ പിറന്നാൾ സദ്യയുണ്ണാനെത്തുന്ന ഭക്തർക്കൊപ്പം ഭഗവാനും സദ്യയുണ്ണുന്നു എന്ന വിശ്വാസമാണ് അഷ്ടമിരോഹിണി വള്ളസദ്യയെ വേറിട്ടതാക്കുന്നത്.
75 പാചക ജോലിക്കാരും 150 ഓളം വിളമ്പുകാരുമടക്കമുള്ളവർ ചേർന്ന് മൂന്ന് ദിവസം കൊണ്ടാണ് അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കുന്നത്. 350 പറ അരിയുടെ സദ്യയാണ് തയ്യാറാക്കുന്നത്. നാടൻ പച്ചക്കറികൾക്ക് ദൗർലഭ്യമുള്ളതായി പറയുന്നുണ്ടെങ്കിലും 52 പള്ളിയോട കരകളിൽ നിന്നായി മുൻ വർഷങ്ങളിലുള്ളതിലുമധികം പച്ചക്കറികൾ ഉത്പ്പന്നപ്പിരിവിലൂടെ ലഭിച്ചതായും പാചക കരാറുകാരൻ ഹരിശ്ചന്ദ്രൻ പറഞ്ഞു. പ്രധാന പാചകക്കാരനായ വിനോദ് കുമാറിൻ്റെ നേതൃത്വത്തിലാണ് പാചക ജോലികൾ പുരോഗമിക്കുന്നത്.