തിരുവല്ല: കാര്‍ഷിക സംസ്‌കാരമാണ് നാടിന്റെ പുരോഗതിക്ക് അടിസ്ഥാനമെന്നും അത് സംരക്ഷിക്കപ്പെടമെന്നും നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവല്ല പുളിക്കീഴ് റിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പത്തനംതിട്ട ജില്ല കാര്‍ഷിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കര്‍ഷകരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണം. ഇതിലൂടെ അവ ഫലപ്രദമായി നടപ്പാക്കാനും കൃഷി ലാഭകരമാക്കാനും കഴിയും. ദീര്‍ഘകാലം, ഹ്രസ്വകാലം എന്നിങ്ങനെ തരംതിരിച്ച് പദ്ധതികള്‍ നടപ്പാക്കണം. സബ്സിഡിയും ആനുകൂല്യങ്ങളും കൃത്യസമയത്ത് കര്‍ഷകരിലെത്തണം. കര്‍ഷകക്ഷേമവും കാര്‍ഷിക മേഖലയിലെ ഉല്‍പാദനവര്‍ധനവും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
കൃഷി, മൃഗസംരക്ഷണം, മത്സ്യം, ജലസേചനം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കിയാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും സ്പീക്കര്‍ പറഞ്ഞു. ചടങ്ങില്‍ വര്‍ഗീസ് മാമന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ആത്മ പദ്ധതി സന്ദേശം നല്‍കി. പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ നിര്‍വഹിച്ചു. ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റെജിമോള്‍ തോമസ് പദ്ധതി വിശദീകരണം നടത്തി.
പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബി ഹരിദാസി, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പന്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാലചന്ദ്രന്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി ആര്‍ പണിക്കര്‍, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വി അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രാജേഷ് ചാത്തങ്കരി, ജോ ഇലഞ്ഞിമൂട്ടില്‍, നിഷ അശോകന്‍, ബ്ലോക്ക് അംഗങ്ങളായ സോമന്‍ താമരച്ചാലില്‍, ജോളി ജോര്‍ജ്, ശശികല, രജനി, റെയിച്ചല്‍ വര്‍ഗീസ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ സി ഗിരിജ, തിരുവല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എബി ബാബു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച കര്‍ഷകരേയും കൃഷിഭവനുകളേയും ചടങ്ങില്‍ ആദരിച്ചു.





