ന്യൂ ഡൽഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി.ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ മോദിയെ സ്വീകരിച്ചു. പാരോ അന്താരാഷ്ട്ര വിമാനത്താവളം മുതൽ തിംഫു വരെ ഇന്ത്യൻ, ഭൂട്ടാൻ പതാകകളാൽ അലങ്കരിച്ച 45 കിലോമീറ്റർ റൂട്ടിൽ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണം നൽകി .ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലെ ഹോട്ടലിലെത്തിയ പ്രധാനമന്ത്രിയെ ഗർബാ നൃത്തം അവതരിപ്പിച്ചാണ് സ്വാഗതം ചെയ്തത്.
സന്ദർശന വേളയിൽ മോദി ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചക്, ഭൂട്ടാൻ്റെ നാലാമത്തെ രാജാവ് ജിഗ്‌മേ സിങ്യേ വാങ്‌ചുക്ക് എന്നിവരോടൊപ്പമുള്ള സദസ്സിൽ പങ്കെടുക്കും . ഭൂട്ടാൻ പ്രധാനമന്ത്രിയുമായും അദ്ദേഹം ചർച്ച നടത്തും. തിംഫുവിൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ സഹായത്തോടെ നിർമ്മിച്ച അത്യാധുനിക മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.