ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ എത്തും. ബെംഗളുരു മെട്രോയുടെ യെല്ലോ ലൈനിന്‍റെ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. ആർ വി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരം യാത്ര ചെയ്യാവുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈൻ തെക്കൻ ബെംഗളൂരുവിന്‍റെ ഗതാഗത കുരുക്ക് ഇതോടെ മാറും.
വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജങ്ഷൻ എന്നീ മേഖലകളിലൂടെയാണ് യെല്ലോ ലൈൻ കടന്ന് പോകുന്നത്. 25 മിനിറ്റ് കൂടുമ്പോൾ സർവീസ് നടത്തുന്ന മൂന്ന് മെട്രോ ട്രെയിനുകളാണ് ഈ ലൈനിലുള്ളത്. ഇവയെല്ലാം ഡ്രൈവറില്ലാ ട്രെയിനുകളാണെന്നതാണ് മറ്റൊരു പ്രത്യേകത.
7160 കോടി രൂപ ചെലവിട്ടാണ് യെല്ലോ ലൈൻ നിർമിച്ചത്. യെല്ലോ ലൈൻ കൂടി പ്രവർത്തനം തുടങ്ങുന്നതോടെ ബെംഗളുരുവിന്‍റെ 96 കി മീ ദൂരം മെട്രോ ലൈൻ കണക്റ്റിവിറ്റിയുള്ളതാകും.