ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് നാളെ വൈകുന്നേരം 5 മണിക്കകം ജോലിയിൽ പ്രവേശിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഡോക്ടറുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യാനും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിർദേശിച്ചു. ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേസ് പരിഗണിക്കവേയാണ് ഇക്കാര്യം നിർദേശിച്ചത്
പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ മനസ്സിൽ ആത്മവിശ്വാസം സൃഷ്ടിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സമരത്തെ തുടർന്ന് 23 പേർ ചികിത്സ കിട്ടാതെ മരിച്ചെന്ന് ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.