തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു
സൈബർ പൊലീസ് ആണ് രാഹുൽ ഈശ്വറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.
അതേസമയം ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്പാണെന്ന് പൊലീസ് കണ്ടെത്തി. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും.






