പത്തനംതിട്ട : ജില്ലയിൽ മഴ ശക്തമായതിനാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ജില്ലയ്ക്ക് ഒരു കോടി രൂപ കൈമാറിയതായി റവന്യൂ മന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. ആവശ്യം വരുന്നതിൻ്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസുകൾ നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പഞ്ചായത്ത് തല ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കാൻ നിർദേശം നൽകി.
അപകടകരമായ നിലയിലുള്ള വൃക്ഷങ്ങൾ മുറിച്ചു നീക്കാൻ ജില്ലാ ഭരണകൂടം മുൻകൈ എടുക്കണമെന്നും മന്ത്രി നിർദേശിച്ചു. നിർമാണ ജോലികൾ നടക്കുന്ന സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തി സുരക്ഷാ സംവിധാനം ഒരുക്കണം.
ജലാശയങ്ങളിലെ വിനോദങ്ങളും വനമേഖലയിലേക്കുള്ള ട്രക്കിങ്ങും രാത്രിയാത്രകളും ഒഴിവാക്കണം. മേൽക്കൂര ക്ഷയിച്ച വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷയെ കരുതി മാറി താമസിക്കണം. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെൻ്ററും താലൂക്ക്തല കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കും.
റവന്യൂ ഉദ്യോഗസ്ഥർ അവരവരുടെ അധികാര പരിധി വിട്ട് പോകരുതെന്നും അവധിയിലുള്ളവർ അടിയന്തര സാഹചര്യം കണക്കിലെടുത്ത് തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രിയുടെ നിർദ്ദേശത്തിൽ പറയുന്നു