പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമാരായ എൻ വാസുവിനെയും എ പത്മകുമാറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ഇതിന് മുന്നോടിയായി എ പത്മകുമാറിനെ ഇന്നോ നാളെയോ എസ് ഐ ടി ചോദ്യം ചെയ്യാൻ സാധ്യത. റിമാൻഡിലുള്ള എൻ. വാസുവിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും . എ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരിക്കെ ദേവസ്വം കമ്മിഷണർ ആയിരുന്നു എൻ വാസു
അതേ സമയം ശബരിമല സ്വർണാഹരണ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ എസ് ഐ ടി ഹൈക്കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ദ്വാരപാലക ശിൽപങ്ങളുടെ ശാസ്ത്രീയ പരിശോധന ഈ മാസം 17 ന് ആരംഭിക്കുന്നതിനാലാണിത്. ശ്രീകോവിലിൻ്റെ വാതിലിലെ സ്വർണവും കവർന്നതായാണ് എസ് ഐ ടി കരുതുന്നത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ നഷ്ടപ്പെട്ട സ്വർണത്തിൻ്റെ അളവ് പൂർണമായും ലഭിക്കുകയുള്ളൂ






