തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല മൊഴി നൽകി. സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയതായി ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
മോഷണത്തിന് പിന്നിൽ രാജ്യാന്തര പുരാവസ്തു കടത്തൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരമാണ് എസ്ഐടിക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ഈ വിവരങ്ങൾ വിശദീകരിച്ച് ഒരു കത്ത് എസ്ഐടി മേധാവിക്ക് കൈമാറിയിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മൊഴിയെടുക്കാനായി വിളിപ്പിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.
തനിക്ക് ലഭിച്ച മുഴുവൻ വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും, അവ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ലഭിച്ച വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇവ തെളിവുകളല്ലെന്നും, അവയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തേണ്ട ഉത്തരവാദിത്തം അന്വേഷണ സംഘത്തിനാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.






