ചങ്ങനാശ്ശേരി : കേരളത്തിന്റെ നിർമ്മാണ-കരകൗശല മേഖലകളുടെ നട്ടെല്ലായ വിശ്വകർമ്മ സമുദായത്തെയും പരമ്പരാഗത തൊഴിലാളികളെയും പൂർണ്ണമായും അവഗണിച്ചുകൊണ്ടുള്ള സംസ്ഥാന ബജറ്റിൽ വിശ്വകർമ്മ സർവീസ് സൊസൈറ്റി (VSS) സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമുദായം കാലങ്ങളായി ഉന്നയിക്കുന്ന ന്യായമായ ഒരൊറ്റ ആവശ്യം പോലും പരിഗണിക്കാൻ സർക്കാർ തയ്യാറായിട്ടില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വി.എസ്.എസ് പ്രസ്താവനയിൽ പറഞ്ഞു.
തൊഴിൽ നഷ്ടം കൊണ്ടും വിലക്കയറ്റം കൊണ്ടും വീർപ്പുമുട്ടുന്ന പരമ്പരാഗത തൊഴിലാളികളുടെ വിദ്യാഭ്യാസ-തൊഴിൽ പുരോഗതിക്കായി ഒരു രൂപ പോലും വകയിരുത്തുകയോ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. വിശ്വകർമ്മ സമുദായം പൈതൃകമായി ചെയ്തുവരുന്ന അഞ്ച് തൊഴിൽ മേഖലകളിലെയും പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി, കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി എന്നിവയുടെ കുടിശ്ശിക തീർക്കുന്നതിനോ അവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനോ ബജറ്റിൽ നിർദ്ദേശങ്ങളില്ല.കഴിഞ്ഞ ഒരു വർഷത്തോളമായി കുടിശ്ശിക കിടക്കുന്ന നിർമ്മാണ തൊഴിലാളി പെൻഷൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നത് തൊഴിലാളി വിരുദ്ധമായ നിലപാടാണ്. വിശ്വകർമ്മ സമുദായത്തിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകളോ ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായങ്ങളോ ബജറ്റിൽ ഇടംപിടിച്ചില്ല. യന്ത്രവൽകൃത കാലത്ത് പരമ്പരാഗത തൊഴിൽ മേഖലയെ ആധുനികവൽക്കരിക്കാനുള്ള പദ്ധതികളോ നൈപുണ്യ പരിശീലന കേന്ദ്രങ്ങളോ പ്രഖ്യാപിച്ചില്ല .
വിശ്വകർമ്മ പെൻഷൻ പദ്ധതിയിലെ പ്രായോഗികമല്ലാത്ത വരുമാന പരിധി ഒഴിവാക്കുമെന്നും പെൻഷൻ തുക വർദ്ധിപ്പിക്കുമെന്നും സമുദായം പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംസ്ഥാനത്താകെ വെറും 285 പേർക്ക് മാത്രം ലഭിക്കുന്ന പെൻഷൻ പദ്ധതിയെ സർക്കാർ അവഗണിച്ചു .സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന വിശ്വകർമ്മജരുടെ പ്രതിഷേധം വരും ദിവസങ്ങളിൽ ശക്തമാക്കുമെന്നും, സമുദായത്തിന്റെ നീതി ഉറപ്പാക്കാൻ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന സമിതി അറിയിച്ചു.






