പത്തനംതിട്ട: ശബരിമല തീര്‍ഥാടന റോഡുകളുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന റാന്നി വലിയകാവ് റിസര്‍വ് റോഡിന്റെ നിര്‍മാണോദ്ഘാടനം പുള്ളോലി ജംഗ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ശബരിമല റോഡുകളുടെ വികസനത്തിന് ഏറ്റവുമധികം തുക അനുവദിച്ച സര്‍ക്കാരാണിത്. ശബരിമല തീര്‍ഥാടന റോഡ് നവീകരണ പദ്ധതിയിലുള്‍പ്പെടുത്തി 10 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തിലാണ് നിലവാരത്തിലാണ് വലിയകാവ് റിസര്‍വ് റോഡിന്റെ നവീകരണം.
പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പാത പൊതുജനങ്ങള്‍ക്കും തീര്‍ഥാടകര്‍ക്കും സഹായകമാണ്. റാന്നി നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. പശ്ചാത്തല വികസന മേഖലയില്‍ വലിയ കുതിപ്പാണ് സംസ്ഥാനത്തുള്ളത്.
പൊതുമരാമത്തിന് കീഴിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിലുയര്‍ത്തി. 13,402 കോടി 64 ലക്ഷം രൂപയാണ് ബിഎംബിസിക്കായി മാത്രം ചെലവഴിച്ചത്. 2,700 കിലോമീറ്റര്‍ ബിസി ഓവര്‍ലേ ചെയ്തു. 1,300 കിലോമീറ്റര്‍ ചിപ്പിംഗ് കാര്‍പ്പറ്റിംഗ് നവീകരിച്ചു. ഒമ്പത് വര്‍ഷം കൊണ്ട് റാന്നി നിയോജകമണ്ഡലത്തിന്റെ മുഖഛായ മാറിയതായും മന്ത്രി പറഞ്ഞു.
റാന്നിയുടെ സ്വപ്ന പദ്ധതികളിൽ ഒന്നാണ് വലിയകാവ് റിസർവ് റോഡിൻറെ ആധുനിക നിലവാരത്തിലുള്ള നവീകരണമെന്ന് അധ്യക്ഷനായ പ്രമോദ് നാരായൺ എംഎൽഎ. ജനുവരിയോടെ നിർമ്മാണം പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.