തിരുവനന്തപുരം : എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഡിസംബർ 31 ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
എം.ടിയുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി പിന്നണി ഗായകൻ രവിശങ്കർ നയിക്കുന്ന സംഗീതാർച്ചന, എം.ടിയുടെ സാഹിത്യകൃതികൾ, തിരക്കഥകൾ എന്നിവ ഉൾപ്പെടുന്ന പുസ്തകപ്രദർശനം, എം.ടിയുടെ ചലച്ചിത്ര ജീവിതത്തിലെ അനർഘനിമിഷങ്ങൾ ഒപ്പിയെടുത്ത ഫോട്ടോപ്രദർശനം, മികച്ച സിനിമയ്ക്കുള്ള 1973ലെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ‘നിർമ്മാല്യ’ത്തിന്റെ പ്രദർശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.
എം.ടി. വാസുദേവൻ നായരുടെ പുസ്തകങ്ങളുടെ പ്രദർശന-വിപണനം ഇതോടൊപ്പം ടാഗോർ തിയറ്റർ പരിസരത്ത് നടക്കും. 12 പ്രസാധകർ പങ്കെടുക്കുന്ന പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. സാഹിത്യരംഗത്തെ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠം ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടിയ എം.ടിയുടെ കഥാ-ലേഖന സമാഹാരങ്ങളും നോവലുകളും തിരക്കഥകളും ഓർമ്മക്കുറിപ്പുകളും ഉൾപ്പെടെ പ്രദർശനത്തിനുണ്ട്.