ആലപ്പുഴ : തകഴി ലെവൽ ക്രോസിലെ മേൽപ്പാലത്തിനായി ഉള്ള കാത്തിരിപ്പിന് വിരാമം. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. 35.94 കോടി രൂപ മുടക്കി നിർമ്മിക്കുന്ന മേൽപ്പാലത്തിനായി ഉള്ള മണ്ണ് പരിശോധന പൂര്‍ത്തിയായി.ദക്ഷിണ റെയിൽവെ ചീഫ് ബ്രിഡ്ജസ് എഞ്ചിനിയറുടെ അംഗികാരം ലഭിച്ചാൽ ടെൻഡർ നടപടികൾ ആരംഭിക്കും.
കേരള സർക്കാരിൻ്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (KRDCL) ആണ് നിർമ്മാണ ചുമതല. സംസ്ഥാനത്തെ റെയിൽവേ വികസനത്തിനാണ് ഈ കോർപ്പറേഷൻ രൂപീകരിച്ചിരിക്കുന്നത്. മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതി ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകൾ റെയിൽവേ ഗേറ്റിന് സമീപം പ്രതിഷേധ നിൽപ്പ് സമരം ഉൾപ്പെടെ നടത്തിയിരുന്നു.
തകഴി റെയിൽവെ ക്രോസ് മേൽപ്പാലം സമ്പാദക സമിതി രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന, ജനറൽ കൺവീനർ ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം ചെയർമാൻ ഡോ ജോൺസൺ വി ഇടിക്കുള,സെക്രട്ടറി ഫിലിപ്പ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് നിവേദനം നല്‍കിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്.കെ.എസ്.ആർ.ടി.സിയു
തകഴി റെയിൽവെ ക്രോസ് തകരാറുമൂലം പലപ്പോഴും അടഞ്ഞുകിടക്കുന്നത് മൂലം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഗികളുടെ ജീവന് പോലും ഭീഷണിയാകുന്നുണ്ട്. കെ എസ്ആടിസി ആലപ്പുഴ ഡിപ്പോയിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ-തിരുവല്ല റോഡ്.അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്. അഗ്നി രക്ഷാ വാഹനങ്ങളും ഇവിടെ കുരുക്കിൽപെടുന്നത് നിത്യ സംഭവമാണ്.






