പത്തനംതിട്ട : ശബരിമലയിൽ തീർഥാടക തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം ബോർഡ് താൽക്കാലിക പന്തൽ നിർമാണത്തിലേക്ക് കടക്കുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ജർമൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പന്തലുകൾ നിർമിക്കാൻ പദ്ധതി ആസൂത്രണം ചെയ്തതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു
കഴിഞ്ഞ സീസണിൽ തീർഥാടകർക്ക് പമ്പയിലും സന്നിധാനത്തും നിലയ്ക്കലും നേരിട്ട ബുദ്ധിമുട്ടുകൾ ഇനി ആവർത്തിക്കാതിരിക്കാനാണ് താൽക്കാലിക പന്തലുകൾ കൂടുതൽ നിർമിക്കാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്.
സന്നിധാനത്ത് പാണ്ടിത്താവളത്തിന് സമീപമാണ് പന്തൽ നിർമിക്കുന്നത്. ഇവിടെ ആയിരത്തിലധികം പേർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനും സൗകര്യം ഒരുക്കും. സന്നിധാനത്ത് വലിയ നടപ്പന്തലിന് സമീപം കൊപ്രാ ക്കളത്തിന് പിന്നിൽ സിമന്റ് ടാങ്കുകൾ നീക്കം ചെയ്ത ശേഷം പന്തൽ നിർമിക്കും. ഇവിടെ 800 പേർക്ക് വിരിവയ്ക്കാം.
കഴിഞ്ഞ തീർഥാടന കാലത്ത് പമ്പയിൽ 3 നടപ്പന്തലുകൾ നിർമിച്ചിരുന്നു. തിരക്ക് കാരണം ഇവിടെയും തീർഥാടകരെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതിന് പരിഹാരമായി കൂടുതൽ പന്തലുകൾ സ്ഥലലഭ്യത അനുസരിച്ച് പമ്പയിൽ നിർമിക്കാനാണ് ആലോചന. 2000 തീർഥാടകരെ ഇവിടെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.നിലയ്ക്കലിൽ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന് 3000 പേർക്ക് വിശ്രമിക്കാവുന്ന താൽക്കാലിക പന്തലും നിർമിക്കും