കോട്ടയം : ലഹരിയുടെ ഇരുട്ടേറുന്ന കാലത്ത് വാക്കിലും പ്രവർത്തിയിലും ദൈവസ്നേഹത്തിൻ്റെ നിർമലത കാത്തു സൂക്ഷിക്കുവാൻ പുതിയ തലമുറയെ പ്രചോദിപ്പിക്കണമെന്ന് ഓർത്തഡോക്സ് സഭ സൺഡേസ്കൂൾ കേന്ദ്ര പ്രസിഡന്റ് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത.
മലങ്കര ഓർത്തഡോക്സ് സഭയുടെ സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന്റെ (ഒ.വി.ബി.എസ്) കേന്ദ്ര തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതാരാമത്തിൽ കുഞ്ഞുങ്ങൾ നിർമ്മലതയുടെ പൂക്കളാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. കൊല്ലം സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഒ.വി.ബി.എസ് ഡയറക്ടർ ഫാ. ടൈറ്റസ് ജോൺ അധ്യക്ഷത വഹിച്ചു.
സൺഡേ സ്കൂൾ ഡയറക്ടർ ജനറൽ ഫാ. ഡോ. വർഗ്ഗീസ് വർഗ്ഗീസ്, ഇടവക വികാരി ഫാ. ഫിലിപ്പ് തരകൻ, സൺഡേ സ്കൂൾ കൊല്ലം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. ഡോ. ജിബു സോളമൻ, ഒ.വി.ബി.എസ് സെക്രട്ടറി സന്തോഷ് ബേബി, സൺഡേ സ്കൂൾ കൊല്ലം ഭദ്രാസന ഡയറക്ടർ വരുൺ കെ ജോർജ്ജ് പണിക്കർ, കോശി മുതലാളി, ബിജു പാപ്പച്ചൻ, ഡി. പൊന്നച്ചൻ, റ്റി.വി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു