കൊച്ചി : അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മലങ്കര യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തി. സഭാ തർക്കത്തിൽ ഇരുവിഭാഗവും അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടി ശ്രമിക്കണമെന്ന് ബാവ ആഹ്വാനം ചെയ്തു. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ബാവയെ സഭാ നേതൃത്വവും സർക്കാർ പ്രതിനിധികളും ചേർന്നാണ് സ്വീകരിച്ചത്.
മുളന്തുരുത്തി സുനഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ബാവയുടെ കേരള സന്ദർശനം. മലങ്കര സഭയുടെ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള മുളന്തുരുത്തി സുനഹദോസിന്റെ വാർഷികത്തോടനുബന്ധിച്ച് ഈ മാസം 13 -ന് പ്രത്യേക മൂറോൻ കൂദാശ നടക്കും. പുത്തൻകുരിശിൽ നടക്കുന്ന ചടങ്ങിന് പാത്രിയാർക്കീസ് ബാവ കാർമികത്വം വഹിക്കും.
കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഭാ തർക്കത്തിൽ സമാധാനപരമായ പരിഹാരത്തിന് ഇരുവിഭാഗവും ശ്രമിക്കണമെന്ന് ബാവ പറഞ്ഞത്. മധ്യേഷ്യയിൽ തീവ്ര ആശയങ്ങൾ കാരണം വലിയൊരു വിഭാഗം ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും ലോകസമാധാനത്തിനായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
13 -ന് മൂറോൻ കൂദാശയ്ക്ക് പിന്നാലെ വൈകിട്ട് പുത്തൻകുരിശിൽ യാക്കോബായ ക്രിസ്ത്യൻ അസോസിയേഷൻ സമ്മേളനവും നടക്കും. മുഖ്യമന്ത്രി വിഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം ഈ മാസം 16ന് പാത്രിയാർക്കീസ് ബാവ ലെബനനിലേക്ക് മടങ്ങും.





