പത്തനംതിട്ട : ഒന്നര കിലോയോളം കഞ്ചാവ് മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ടുവരവേ യുവാവ് പോലീസിന്റെ പിടിയിലായി. മുണ്ടുകോട്ടക്കൽ കാഞ്ഞിരവിള പുത്തൻവീട്ടിൽ ജോയി(23)യെയാണ് ഇന്ന് പഴകുളം മേട്ടുംപുറത്തുവച്ച് അടൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് സാഹസികമായി പിന്തുടർന്ന് പിടികൂടിയത്.
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ഇലന്തൂർ സ്വദേശി രഞ്ജിത്ത് ഓടി രക്ഷപ്പെട്ടു. രഞ്ജിത്തിനെ പിടികൂടാൻ പോലീസ് തെരച്ചിൽ ഊർജിതമാക്കി. സംഘത്തിൽ വേറെയും അംഗങ്ങൾ ഉണ്ടോ എന്നുതുടങ്ങിയ വിവരങ്ങളും അന്വേഷണത്തിലാണ്
ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം ജില്ലയിലെ മയക്കുമരുന്നു ലോബിക്കെതിരെ സ്വീകരിച്ചുവരുന്ന ശക്തമായ നിയമനടപടിയുടെ ഭാഗമായി നടന്ന റെയ്‌ഡിനിടെയാണ് യുവാവ് കുടുങ്ങിയത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി ജെ. ഉമേഷ് കുമാറിന്റെയും അടൂർ ഡി വൈ എസ് പി ജി. സന്തോഷ് കുമാറിന്റെയും മേൽനോട്ടത്തിൽ ഡാൻസാഫ് സംഘവും, അടൂർ പോലീസും സംയുക്തമായി നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.
ബൈക്ക് ഓടിച്ച രഞ്ജിത്ത് പോലീസിനെ വെട്ടിച്ച് കടന്നു. അടൂർ പോലീസിന്റെ പട്രോളിംഗിനിടെ പഴകുളം മേട്ടുംപുറത്തു വാഹനപരിശോധന നടത്തിവരവേ ആണ് കെ പി റോഡിലേക്ക് യുവാക്കൾ ബൈക്കിൽ കഞ്ചാവുമായി വരുന്ന രഹസ്യവിവരം ലഭിക്കുന്നത്. പോലീസിന്റെ മുന്നിൽപ്പെട്ട യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, ബൈക്ക് മറിയുകയും ഓടിച്ച രഞ്ജിത്ത് രക്ഷപ്പെടുകയുമായിരുന്നു. ബൈക്കിനുപിന്നിൽ യാത്രചെയ്തുവന്ന ജോയി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോൾ കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് ഇലന്തൂർ സ്വദേശി രഞ്ജിത്ത് ആണെന്ന് വെളിപ്പെടുത്തി.
ജോയിയുടെ കയ്യിലിരുന്ന കവറിനുള്ളിൽ നിന്ന് മൂന്ന് പ്ലാസ്റ്റിക് കവർ കുടി പോലീസ് കണ്ടെടുത്തു. അതിനുള്ളിൽ ആണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് വിൽക്കുന്നതിന് മോട്ടോർ സൈക്കിൾ കടത്തി കൊണ്ടുവന്നതാണെന്ന് പ്രതി സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ഒരു മൊബൈൽ ഫോണും പണവും കണ്ടെടുത്തു.