തിരുവനന്തപുരം : 2036 ഓടെ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 10 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. തിരുവനന്തപുരം സായിയിലെ നവീകരിച്ച ഗോൾഫ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യം കൈവരിക്കുന്നത്തിനായി ചിട്ടയോടുകൂടിയ പ്രവർത്തനമാണ് കേന്ദ്ര ഗവണ്മെന്റ് നടത്തുന്നത്.സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്ന് ജില്ലാ തലം മുതൽ ഖേലോ ഇന്ത്യ പദ്ധതി നടപ്പാക്കി വരുന്നതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിലവാരമുള്ള ഗോൾഫ് കോഴ്‌സ്, അത്യാധുനിക ഫിറ്റ്‌നസ് സെൻ്റർ, ആധുനിക വിനോദ സൗകര്യങ്ങൾ തുടങ്ങിയ ലോകോത്തര സൗകര്യങ്ങളോടെയാണ് ദേശീയ ഗോൾഫ് അക്കാദമി സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം നവീകരിച്ച ഗോൾഫ് കോഴ്‌സ് സന്ദർശിച്ച മന്ത്രി, ഗോൾഫ് കളിക്കുകയും ചെയ്തു .
കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ടൂറിസം മന്ത്രാലയത്തിൻ്റെ അംഗീകാരത്തോടെ 2017 മാർച്ച് 31-നാണ് ഗോൾഫ് കോഴ്‌സ് സ്ഥാപിച്ചത്. സായിയുടെ ലക്ഷ്മീഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിലേക്ക് (LNCPE) 9.27 കോടി വകയിരുത്തിയിരുന്നു. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് പദ്ധതി പൂർത്തിയാക്കിയത്.
പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്തെ സായിയിലെ അന്താരാഷ്ട്ര കായികതാരങ്ങളെ ഡോ. മൻസുഖ് മാണ്ഡവ്യ ആദരിച്ചു. ടൂറിസം, പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ സന്നിഹിതന്നായിരുന്നു .ചീഫ് സെക്രട്ടറി ശ്രീമതി. ശാരദാ മുരളീധരൻ,കേന്ദ്ര ടൂറിസം മന്ത്രാലയം അഡീഷണൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ്, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ടിജിസി സെക്രട്ടറി ശ്രീ എസ്.എൻ. രഘുചന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.