റാന്നി : ജൂവലറിയിൽ മോഷണം നടത്തിയ സ്ത്രീയെ തന്ത്രപരമായി കൂടുക്കി പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി ജീവനക്കാരി. സ്വർണവള മോഷ്ടിച്ചതിന് ഇടുക്കി ഉടുമ്പൻചോല കൂന്തൽ ചിറയ്ക്കൽ വീട്ടിൽ ബിൻസി (46) ആണ് പിടിയിലായത്. ഇട്ടിയപ്പാറയിലെ ജോസ് കോസ് ജൂവലറിയിലാണ് മോഷണം നടന്നത്.
സ്വർണവള അപഹരിച്ച് ബാഗിലിട്ട് നടന്നു പോയ സ്ത്രീയെ പിന്നാലെ എത്തി സാഹസികമായി ജീവനക്കാരി പിടികൂടുകയായിരുന്നു. ഇന്ന് രാവിലെ 11 ന് ആണ് മോഷണം നടന്നത്. ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിൽ എത്തി വളകൾ പരിശോധിക്കുന്നതിനിടെ ബാഗിനുള്ളിലേക്ക് ഒരു വള ഒളിപ്പിക്കുകയായിരുന്നു
ഇതിന് ശേഷം പിന്നീട് വരാമെന്ന് പറഞ്ഞ് ബിൻസി പുറത്തിറങ്ങി വേഗം നടന്നു പോയി.
സംശയം തോന്നിയ ജീവനക്കാരി പിന്നാലെ നടന്ന് ബസ് സ്റ്റാൻഡിൽ എത്തി സാഹസികമായി പിടികൂടുകയായിരുന്നു. അനുനയിപ്പിച്ച് കടയിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ മോഷണം നടത്തിയ സ്ത്രീ കുതറി ഓടാൻ ശ്രമിച്ചു. സംഭവമറിഞ്ഞ് ജൂവലറിക്ക് മുമ്പിൽ ആളുകളും തടിച്ചു കൂടി.
പിന്നീട് റാന്നി എസ് ഐ കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്ത് എത്തി സ്ത്രീയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കേസ് എടുത്ത ശേഷം വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി