കൊച്ചി :മദ്യലഹരിയിൽ പനമ്പിള്ളിനഗറിലെ നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പരിക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശിനി ലീന, ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരിൽ ജെനിറ്റ്, വയനാട് കൽപറ്റ മുണ്ടേരി പറമ്പിൽ ഹൗസിൽ മുഹമ്മദ് സിനാൻ , കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസിൽ ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 4 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ട്.
കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടാകുകയും ഇവർ എത്തിയ കാറിന്റെ ചില്ല് ഒരാൾ പൊട്ടിക്കുകയും ചെയ്തു.തുടർന്നു ലീന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ കഫെ അക്രമിക്കുകയായിരുന്നു .ആക്രമണത്തിൽ കടയുടമ ഫോർട്ട്കൊച്ചി സ്വദേശി അമൻ അഷ്കറിനും പാർട്ണർക്കും സുഹൃത്തിനും രണ്ടു ജീവനക്കാർക്കും പരിക്കേറ്റു.3 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടെന്നാണ് റിപ്പോർട്ട് .