പത്തനംതിട്ട : വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ കക്കി- ആനത്തോട് ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന്.സുരക്ഷ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് രാവിലെ 11 മുതല്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ ആവശ്യമില്ല. റിസര്‍വോയറിന്റെ നാല് ഷട്ടറുകള്‍ 30 മുതല്‍ 60 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി 50 മുതല്‍ പരമാവധി 100 ക്യൂമെക്സ് വരെ എന്ന തോതില്‍ അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കാനായിരുന്നു തീരുമാനം. സംഭരണിയിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തുനായിരുന്നു.
കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി സമുദ്ര നിരപ്പില്‍ നിന്നും 981.46 മീറ്ററാണ്. കെഎസ്ഇബി, ജില്ലാ ദുരന്ത നിവാരണ അതോറ്റി അംഗീകാരപ്രകാരം 2025 ജൂലൈ 31 മുതല്‍ ആഗസ്റ്റ് 10 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 975.75 മീറ്റര്‍ ആണ് .
കക്കി-ആനത്തോട് റിസര്‍വോയറില്‍ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കുന്നത് ജലനിരപ്പ് യഥാക്രമം 973.75 മീറ്റര്‍, 974.75 മീറ്റര്‍, 975.25 മീറ്ററിലെത്തുമ്പോഴാണ്. ജലസംഭരണിയിലെ ഇപ്പോഴെത്തെ നീരൊഴുക്ക് 63 ക്യൂമെക്സ് ആണ്. നിലവില്‍ 975.71 മീറ്റര്‍ ജലനിരപ്പായതിനാല്‍ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.