കോഴിക്കോട് : കൊയിലാണ്ടി മണക്കുളങ്കര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി ക്ഷേത്രത്തിലെത്തി പ്രാഥമിക അന്വേഷണം നടത്തി.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനു സമര്‍പ്പിക്കുമെന്നും ഏതെങ്കിലും വീ ഴ്ച കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും അവർ അറിയിച്ചു.
ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിച്ചിട്ടുണ്ടെന്നാണു ജീവനക്കാരുടെ മൊഴി.2 ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഉണ്ടായിരുന്നു.ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളിച്ചതിൽ വീഴ്ചയില്ലെന്ന അനുമാനത്തിലാണ് ദേവസ്വം ബോർഡ് അധികൃതരും.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് ഉത്സവത്തിനെത്തിച്ച ആനകൾ ഇടഞ്ഞത്.അപകടത്തിൽ കുറുവങ്ങാട് വെട്ടാംകണ്ടി താഴെക്കുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), വടക്കയിൽ രാജൻ(68) എന്നിവർ മരിച്ചു. പരിക്കേറ്റവരിൽ 8 പേരുടെ നില ഗുരുതരമാണ്.ക്ഷേത്രത്തിൽ പടക്കം പൊട്ടിച്ച ശബ്ദം കേട്ടു വിരണ്ട ഒരു ആന രണ്ടാമത്തെ ആനയെ കുത്തുകയും രണ്ട് ആനകളും വിരണ്ട്‍ ഓടുകയുമായിരുന്നു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൂന്ന് പേര്‍ മരിച്ചത്.അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി സർവകക്ഷിയോഗം കൊയിലാണ്ടി നഗരസഭയിൽ ഹർത്താൽ ആചരിക്കുകയാണ്