തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി അപഹരണ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ശബരിമലയുടെ പേരില്‍ പലപ്പോഴായി 70 ലക്ഷം രൂപയോളം ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിയതായി ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കി. എസ്‌ഐടിക്ക് മുന്നില്‍ ഹാജരായ ഗോവര്‍ധന്‍ തെളിവുകള്‍ കൈമാറിയതായാണ് സൂചന.
ശബരിമലയില്‍ വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണപ്പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുപോയി പൊളിച്ച്, അതിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി എടുത്തു മറിച്ചു വിറ്റിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമയിലേക്ക് നീണ്ടത്. 2019 ന്റെ അവസാന നാളുകളിലാണ് സ്വര്‍ണ വില്‍പ്പന നടന്നതെന്നാണ് സൂചന.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഈ മാസം അഞ്ചിന് രണ്ടാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ മുന്നോടിയായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
പണിക്കൂലി ഇനത്തില്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈപ്പറ്റിയ സ്വര്‍ണവും ഗോവര്‍ധന് വിറ്റ സ്വര്‍ണവും എസ്‌ഐടി കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.






