തിരുവനന്തപുരം: ശബരിമലയിൽ സ്വർണ പീഠം കാണാതായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനി ദേവി.
സെപ്റ്റംബർ 25ന് പുലര്‍ച്ചെ അനിയൻ സീല്‍ ചെയ്ത ഒരു സാധനം കൊണ്ടുവന്ന് തന്നെ ഏൽപിക്കുകയായിരുന്നു. ഷീല്‍ഡ് ആണെന്നാണ് പറഞ്ഞത്. വേറെയൊരാളോടൊപ്പം ബാംഗ്ലൂരിലേക്ക് പോകുന്നുവെന്നും പറഞ്ഞു.
അമ്പലത്തിലേക്കുള്ളതൊക്കെ സാധാരണ ഇവിടെ കൊണ്ടുവന്ന് തന്നെ ഏല്‍പിക്കാറുണ്ട്. പൂജാദ്രവ്യങ്ങളും ഷീല്‍ഡുമൊക്കെ കൊണ്ടുവന്ന് ഏല്‍പിക്കുമ്പോള്‍ സൂക്ഷിച്ചുവെക്കും. അനിയൻ ഏൽപിച്ച സാധനങ്ങൾ ആരെങ്കിലും വന്ന് എടുത്തുകൊണ്ട് പോകും. തന്നെ ഏൽപിച്ച വ്യാഴാഴ്ച ആരും വന്നില്ല. ഇന്നലെയും വന്നില്ല.
ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നും സ്വന്തമായി സ്‌പോണ്‍സര്‍ ചെയ്യാറില്ലെന്നും സഹോദരി പറഞ്ഞു. അവിടെ വരുന്ന ശബരിമല വിശ്വാസികള്‍ ഏല്‍പിക്കുകയാണ് ചെയ്യുക. അവര്‍ക്ക് ഭാഷ അറിയാത്തതിനാല്‍ സഹോദരന്‍ വഴിയാണ് ചെയ്യാറുള്ളത്.
2019ലാണ് പീഠം സമര്‍പ്പിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം മങ്ങല്‍ വന്നപ്പോള്‍ 2021ൽ എടുക്കുകയായിരുന്നു. സ്വർണ പീഠമാണെന്ന് താൻ അറിഞ്ഞിരുന്നില്ല. സീൽ പൊട്ടിക്കാതെയാണ് ദേവസ്വം ബോർഡിന്റെ വിജിലന്‍സിന് കൈമാറിയത്. ഇക്കാര്യം വിജിലൻസിനോട് ചോദിച്ചാൽ മതിയെന്നും അധ്യാപികയായ മിനി വ്യക്തമാക്കി.