ലക്‌നൗ : പാകിസ്ഥാൻ ബന്ധമുള്ള ഭീകരവാദ മൊഡ്യൂളിനെ തകർത്ത് യുപി ആന്റി ടെററിസ്റ്റ് സ്ക്വാഡ്.റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും പ്രമുഖ രാഷ്ട്രീയ നേതാക്കളെ വധിക്കാനും ലക്ഷ്യമിട്ട നാല് യുവാക്കൾ പിടിയിലായി.മീററ്റ് സ്വദേശിയായ സാഖിബ് (25),ഇയാളുടെ സഹായിയായ അർബാബ് (20), വികാസ് ഗെഹ്‌ലാവത് (27), ലോകേഷ് (19) എന്നിവരാണ് അറസ്റ്റിലായത്.
ടെലിഗ്രാം, സിഗ്നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇവർ പാകിസ്ഥാനിലെ ഹാൻഡ്‌ലർമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ചെറിയ രീതിയിലുള്ള തീവെപ്പ് സംഭവങ്ങൾ ചിത്രീകരിച്ച് പാക് ഏജന്റുകൾക്ക് അയച്ചുകൊടുക്കുകയും ഇതിന് പകരമായി ക്യുആർകോഡ് വഴി പണം കൈപ്പറ്റുകയും ചെയ്തിരുന്നതായി എടിഎസ് കണ്ടെത്തി.
ലഖ്‌നൗ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ, സിഗ്നൽ സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്ന ട്രക്കുകൾ എന്നിവ തകർത്ത് രാജ്യത്ത് ഭീതി പടർത്തുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .അറസ്റ്റിലായവരിൽ നിന്ന് വിദേശ നമ്പറുകൾ അടങ്ങിയ ഫോണുകളും നിർണ്ണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.






