തിരുവനന്തപുരം : നിയമസഭയിൽ രൂക്ഷമായ ഭരണ ,പ്രതിപക്ഷ പോര്. സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടിയും ഡയസിൽ കയറിയും പ്രതിപക്ഷം പ്രതിഷേധിച്ചു.വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി.ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്നാണ് സഭയില്‍ ബഹളം തുടങ്ങിയത് .തുടർന്ന് പ്രതിപക്ഷം ചോദ്യാത്തരവേള ബഹിഷ്കരിച്ചു .സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധമുണ്ടാക്കി.മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ രൂക്ഷ ഭാഷയിൽ ആരോപണങ്ങളുന്നയിച്ചു.
പിന്നാലെ പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി.പ്രതിഷേധം കടുത്തതോടെ ഭരണപക്ഷാംഗങ്ങളും നടുത്തളത്തിൽ ഇറങ്ങി.നേരത്തെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു.