ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിര്‍മാര്‍ജന മെഗാ കാമ്പയിന്‍ ജനുവരി 18 ന് രാവിലെ 7 .30 ന് സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയുടെയും വിവിധ ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രാഥമിക ഘട്ടത്തിൽ രണ്ടു മുനിസിപ്പാലിറ്റികളും 10 പഞ്ചായത്തുകളെയും കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുക.
വേമ്പനാട് കായല്‍ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പ്ലാസ്റ്റിക് മുക്ത വേമ്പനാട് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ, ഹരിതകര്‍മ്മ സേന, വിമുക്തഭടന്മാര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവർ പങ്കെടുക്കും. ഇതിനായി ഓരോ ഹോട്ട്സ്പോട്ടും കേന്ദ്രീകരിച്ച് മോണിറ്ററിങ് കമ്മിറ്റികൾ രൂപീകരിക്കുകയും ശേഖരിക്കുന്ന മാലിന്യങ്ങൾ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുന്നതിനായി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
വേമ്പനാട് കായല്‍ പുനരുജ്ജീവനത്തിന്റെയും സംരക്ഷണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ഓരോ മേഖലകൾ കേന്ദ്രീകരിച്ച് ഹ്രസ്വ- ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. മല്‍സ്യത്തൊഴിലാളികള്‍, ഹൗസ്‌ബോട്ട് ജീവനക്കാര്‍, ഉടമകള്‍, വേമ്പനാട് കായലിന്റെ തീരത്ത് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്കിടയില്‍ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനിച്ചു.