പത്തനംതിട്ട : വിശ്വകർമ്മ ഐക്യവേദിയുടെ അവകാശ സംരക്ഷണ ജാഥക്ക് പത്തനംതിട്ട ജില്ലയിൽ സ്വീകരണം നൽകി നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രിയ കക്ഷികളും വിശ്വകർമ്മജർക്ക് അർഹിക്കുന്ന സീറ്റ് നൽകുക, വിശ്വകർമ്മ ദിനമായ സെപ്റ്റംബർ 17 പൊതു അവധിയായി പ്രഖ്യാപിക്കുക, പി എസ് സി യിലെയും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെയും വിശ്വകർമ്മജരുടെ ഉദ്യോഗസംവരണം ജനസംഖ്യാനുപാതത്തിൽ വർദ്ധിപ്പിയ്ക്കുക, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കോഴ്സുകൾക്കും വിശ്വകർമ്മ വിദ്യാർത്ഥികൾക്ക് അർഹിക്കുന്ന സംവരണം അനുവദിക്കുക, വിശ്വകർമ്മജരുമായി ബന്ധപ്പെട്ട ബോർഡ്, കോർപ്പറേഷനുകളിൽ ചെയർമാൻ സ്ഥാനം ഉൾപ്പെടെ ബോർഡ് അംഗങ്ങളെ നിയമിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന വിശ്വകർമ്മ ഐക്യവേദിയുടെ അവകാശ സംരക്ഷണ ജാഥ പത്തനംതിട്ട ജില്ലയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം സ്വീകരണത്തിനായി എത്തിച്ചേർന്നു.
ജാഥാ ക്യാപ്റ്റൻ ഡോ. ബി രാധാകൃഷ്ണനെ വിവിധ നേതാക്കൾ പൊന്നാട അണിയിച്ചു. സന്തോഷ് റാന്നിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുരളിദാസ് സാഗർ
ഉദ്ഘാടനം ചെയ്തു. ജാഥ മാനേജർ വിഷ്ണു ഹരി ജാഥ അംഗങ്ങളെ പരിചയപ്പെടുത്തി.
ജാഥ ക്യാപ്റ്റൻ ഡോ. ബി. രാധാകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. മുന്നോക്കക്കാരിൽ പിന്നോക്കകാർക്ക് 10% സംവരണം കൂടി വന്നപ്പോൾ വിശ്വകർമ്മജർ ഉൾപ്പെടെയുള്ള പിന്നോക്ക ജാതിക്കാരുടെ അവസരം നഷ്ടപ്പെട്ടത് എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ജാഥ വൈസ് ക്യാപ്റ്റൻമാരായ കെ കെ ചന്ദ്രൻ, കെഎം രഘു, വിഷ്ണു ഹരി, രവി കുടമുരുട്ടി, പ്രമോദ് തിരുവല്ല, സുഗീഷ് കുമാർ, അനിൽ അയ്യനാട്, കഴക്കൂട്ടം ചന്ദ്രശേഖരൻ, ജ്യോതി കുമാർ വർക്കല തുടങ്ങിയവർ സംസാരിച്ചു.






