തിരുവനന്തപുരം : സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടിങ് സമയം .
വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 22 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേയ്ക്കാണ് 24 ന് വോട്ടെടുപ്പുള്ളത്.
കാസർകോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
28 വാർഡുകളിലായി ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 52 പേർ സ്ത്രീകളാണ്. ആകെ 59116 വോട്ടർമാരാണുള്ളത്. വോട്ടെണ്ണൽ ഫെബ്രുവരി 25 ന് നടക്കും .