പത്തനംതിട്ട:ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി സീല്‍ ചെയ്തു. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായ ഈ സ്‌കൂളിലെ സ്ട്രോംഗ് റൂമില്‍നിന്നും അടുത്തമാസം ജൂണ്‍ നാലിനേ വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുക്കൂ.
1437 ബൂത്തുകളിലും ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും അതത് നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച ശേഷമാണ് രാത്രിയോടെ ചെന്നീര്‍ക്കരയിലേക്ക് മാറ്റിയത്. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി അജിത്ത്, ഡെപ്യൂട്ടി കളക്ടര്‍ (തെരഞ്ഞെടുപ്പ്) സി പത്മചന്ദ്രകുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ സീല്‍ചെയ്യുകയായിരുന്നു.