തിരുവനന്തപുരം : സാമൂഹ്യക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് നിർദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും. ഒരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും.
അഞ്ചു ഗഡുക്കളാണ് കുടിശികയായത്.അതിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്‌തു. ബാക്കി മൂന്നു ഗഡുക്കൾ ഈ സാമ്പത്തിക വർഷം നൽകാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതിൽ ഒരു ഗഡുവാണ് ഇപ്പോൾ അനുവദിക്കുന്നത്.