തിരുവനന്തപുരം : തുലാവർഷത്തിനായി അന്തരീക്ഷ ഘടകങ്ങൾ അനുകൂലമായ സാഹചര്യത്തിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിന് മുകളിൽ നിലവിലുള്ള ചക്രവാത ചുഴി അറബിക്കടലിൽ ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദം കേരളത്തിനും തെക്കൻ കർണാടക തീരപ്രദേശങ്ങൾക്കും സമീപം ഞായറാഴ്ചയോടെ ശക്തി പ്രാപിക്കുമെന്ന് പ്രവചിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിലെ പല ജില്ലകളിലും തുടർച്ചയായ മഴ അനുഭവപ്പെടാമെന്ന് മുന്നറിയിപ്പുണ്ട്.
അറബിക്കടലിൽ രൂപപ്പെടാനിരിക്കുന്ന ഈ ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ അവസാനഘട്ടത്തോടനുബന്ധിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴി കന്യാകുമാരി തീരം കടന്ന് ലക്ഷദ്വീപ് മേഖലയിലേക്കും പിന്നീട് കേരള തീരത്തേക്കും നീങ്ങുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസവും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.