തിരുവല്ല: ഫോണിലൂടെ പരിചയപ്പെട്ടശേഷം ഒരു വർഷമായി പ്രണയത്തിലായ 16 കാരിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി. എറണാകുളം ഐരാപുരം പഞ്ചായത്ത് ഓഫീസിനു സമീപം മണ്ണുമോളത്ത് വീട്ടിൽ എം എസ് സുജിത്ത് (25) ആണ് അറസ്റ്റിലായത്.
ഒരുവർഷമായി നിരന്തരം ഫോണിൽ വിളിച്ച് പ്രണയബന്ധം സ്ഥാപിച്ച യുവാവ് ഈമാസം 11 ന് പുലർച്ചെ 5 ന് തിരുവല്ല റെയിൽവേ സ്റ്റേഷനിലെ ഓട്ടോ സ്റ്റാന്റിൽ നിന്നും ഓട്ടോറിക്ഷ പിടിച്ച് പൊടിയാടിയിലെത്തി അവിടെനിന്നും പെൺകുട്ടിയെ പ്രലോഭിപ്പിച്ച് എറണാകുളത്തെ കുന്നുകുരുടി ഐരാപുരത്തെ ബന്ധുവീട്ടിലെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു.
കുട്ടിയെ കാണാതായതിന് പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് കുട്ടിയെ കണ്ടെത്തി സ്റ്റേഷനിലെ ശിശു സൗഹൃദഇടത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് യുവാവുമായുള്ള ബന്ധവും പീഡിപ്പിച്ച വിവരവും പറഞ്ഞത്.
തുടർന്ന് യുവാവിനെ പ്രതിയാക്കി കേസിന്റെ അന്വേഷണം ആരംഭിച്ചു. ശിശു സംരക്ഷണസമിതിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും തിരുവല്ല ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും നടത്തി.
പ്രതിയെ തിരിച്ചറിഞ്ഞശേഷം ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പുളിക്കീഴ് പോലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു