വയനാട് : വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം.വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥനാണ് സഹപാഠികളുടെ ക്രൂരമർദനമേറ്റത്.കത്രിക കൊണ്ട് മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തുകയായിരുന്നു.ചെവിക്കും സാരമായ പരുക്കുണ്ട്. സംഭവത്തിൽ 2 വിദ്യാർത്ഥികളെ ഏഴ് ദിവസത്തേക്ക് സസ്പെന്‍റ് ചെയ്തു.
മറ്റൊരു സ്കൂളിലായിരുന്ന ശബരീനാഥ് ഈ വർഷമാണ് മൂലങ്കാവ് സ്കൂളിൽ പ്രവേശനം നേടിയത്. പരിചയപ്പെടാൻ എന്ന പേരിലാണ് ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചത്. വിദ്യാർഥിയെ ആദ്യം നൂൽപ്പുഴയിലെ ആശുപത്രിയിലും പിന്നാലെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .ബത്തേരി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രധാന അധ്യാപികയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു .