ആലപ്പുഴ : ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു.5 പേർക്കു പരുക്കേറ്റു. രാത്രി 9മണിയോടെ കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്.ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത് .ചില ബസ് യാത്രക്കാർക്കും പരുക്കേറ്റു. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), മലപ്പുറം സ്വദേശി ദേവനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് (19) എന്നിവരാണു മരിച്ചത്.. ഗുരുവായൂരിൽനിന്നു കായംകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. 3 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിൽ കാർ പൂർണമായി തകർന്നു .കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. സിനിമ കാണാനായി വിദ്യാർഥികൾ ആലപ്പുഴ നഗരത്തിലേക്കു പോകുമ്പോഴായിരുന്നു അപകടം .ടവേര കാറിൽ 12 പേർ ഉണ്ടായിരുന്നു.കനത്ത മഴ മൂലം കാഴ്ച മങ്ങിയതും അപകടത്തിന് വഴിവെച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.