ആലപ്പുഴ : രാജ്യത്തെ ഏറ്റവും മികവാർന്ന കലാലയങ്ങളിൽ 21 ശതമാനം കേരളത്തിലാണെന്നത് ഏറ്റവും അഭിമാനമുള്ള കാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. കേരളത്തിലെ 40 കലാലയങ്ങൾ രാജ്യത്തെ ഏറ്റവും മികച്ച 200 കലാലയങ്ങളിൽ ഉൾപ്പെടുന്നു. കേരള, എം.ജി. സർവകലാശാലകൾക്ക് നാഷണൽ അക്രഡിറ്റേഷൻ ആൻഡ് അസൈമെൻറ് കൗൺസിലിന്റെ എ ഡബിൾ പ്ലസ് അംഗീകാരം ലഭിച്ചതും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം പുലർത്തുന്ന മികവിന്റെ ഉദാഹരണങ്ങൾ ആണ്.
ചേർത്തല സെൻറ് മൈക്കിൾസ് കോളേജിലെ ക്ലാസ് റൂം കം എക്സാമിനേഷൻ ഹാള്‍ ആൻഡ് കോച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എൻ.ഐ.ആർ.എഫ്. റാങ്കിംഗ് പട്ടികയിൽ കേരള സർവകലാശാല പൊതു സർവകലാശാലകളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തും എം ജി കുസാറ്റ് സർവ്വകലാശാലകൾ പത്തും പതിനൊന്നും സ്ഥാനത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ സർക്കാർ പ്രഥമ പരിഗണന നൽകുന്ന മേഖലയാണ് ഉന്നതവിദ്യാഭ്യാസം. ആർട്ടിഫിഷ്യൽ ഇൻറലിജൻസും സാങ്കേതികവിദ്യയിലെ കുതിച്ചു ചാട്ടവും മുന്നോട്ടുവയ്ക്കുന്ന എല്ലാ വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ കെൽപ്പുള്ളവരായി വിദ്യാർത്ഥി സമൂഹത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. ഇതിനു തക്കതായ ഭൗതിക സാഹചര്യങ്ങൾ കലാലയങ്ങൾ ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനായി.