പത്തനംതിട്ട : മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോ വാങ്ങിയപ്പോൾ കമ്പനി നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്നാരോപിച്ചാണ് ഒരു വിഭാഗം ഉപഭോക്താക്കൾ പത്തനംതിട്ടയിലെ മഹീന്ദ്രാ ഷോറൂമിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് മഹീന്ദ്ര ഷോറുമിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ ഇലക്ട്രിക് ഓട്ടോ കൂട്ടായ്മ്മ ജില്ലാ പ്രസിഡൻ്റ് മണി വാസൻ തോപ്പിൽ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ അവകാശവാദങ്ങളും വാഗ്ദാനങ്ങളും വിശ്വസിച്ച് ഇലക്ട്രിക്ക് ഓട്ടോ വാങ്ങിയ ഓട്ടോറിക്ഷ തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു
വാങ്ങിയിട്ട് മൂന്ന് വർഷം പോലും ആകാത്ത മൂന്ന് ഇലക്ട്രിക്ക് ഓട്ടോകളാണ് വായ്പ്പ തവണ അടച്ച് തീരും മുൻപ് കേവലം ഇരുപതിനായിരം രൂപക്ക് പൊളിച്ച് വിറ്റത്. ഉപജീവനത്തിനായി ഇലക്ട്രിക്ക് ഓട്ടോറിക്ഷ വാങ്ങിയ തൊഴിലാളികൾക്ക് വാഹനങ്ങളുടെ തകരാർ പരിഹരിച്ച് നൽകാൻ മഹീന്ദ്രാ കമ്പനി അധികൃതർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കൂടുതൽ ശക്തമായ സമരങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ലക്ഷത്തി പതിനായിരം രൂപ നൽകി വാങ്ങിയ ഇലക്ട്രിക്ക് ഓട്ടോ വാങ്ങിയ ദിവസം മുതൽ തന്നെ തകരാറിലാണെന്ന് മാമുട് സ്വദേശി സേവ്യർ പറഞ്ഞു. ഒറ്റചാർജിൽ 130 കിലോമീറ്റർ ഓടും എന്ന് കമ്പനി പറഞ്ഞ ഓട്ടോ 50 കിലോമീറ്റർ മാത്രമാണ് ഓടുന്നത്. ബാറ്ററിക്ക് 3 വർഷം വാറണ്ടി ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ബാറ്ററി തകരാറിലായാൽ പരിഹരിച്ച് നൽകുന്നില്ല. ചാർജർ തകരാറിലായിട്ട് മാസങ്ങളായെന്നും സേവ്യർ പറഞ്ഞു.
എന്നാൽ കമ്പനിയുടെ നിബന്ധനകൾ പാലിച്ച് പരമാവധി സർവ്വീസ് നൽകുന്നുണ്ടെന്നാണ് ഷോറും അധികൃതർ പറഞ്ഞു. മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോ എടുത്ത സംതൃപ്തരായ നിരവധി ഉപഭോക്താക്കളുണ്ടെന്നും അവരെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചു.