തിരുവല്ല : കൂടെ താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.പൊടിയാടി കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ വിഷ്ണു ബിജു (22) ആണ് പുളിക്കീഴ് എസ് ഐ സുരേന്ദ്രൻ അറസ്റ്റ് ചെയ്തത്.
ഈ കഴിഞ്ഞ 22 ന് രാത്രി ആയിരുന്നു സംഭവം. അന്ന് ഉച്ചയോടെ ചെങ്ങന്നൂരിലെ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ ആണ് കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഞായറാഴ്ച ഉച്ചയോടെ പിടികൂടുകയായിരുന്നു. ഏകദേശം ഒരു വർഷം മുമ്പ് ആണ് കല്ലിശ്ശേരി തൈ മറവുങ്കര സ്വദേശിയായ യുവതിയെ വിഷ്ണു പൊടിയാടിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. 22 ന് രാത്രി ഇരുവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിനിടെ വിഷ്ണു യുവതിയുടെ വയറ്റിൽ തൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് യുവതിയുടെ വീട്ടുകാർ എത്തി ചെങ്ങന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
എസ് ഐ സതീഷ്, വനിത സിവിൽ പോലിസ് ഓഫിസർ സുജ അൽഫോൺസ്, സി പി ഒന്മാരായ സന്തോഷ് കുമാർ, അനൂപ്, സുദീപ്, രഞ്ജു എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു