കോട്ടയം : ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന- പ്രാഥമിക കാര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ പ്രഖ്യാപനം ശരണ വഴികളിലേക്ക് എത്തുന്ന തീര്‍ഥാടക ലക്ഷങ്ങളോടും ഹൈന്ദവ ജനതയോടുമുളള കടുത്ത വഞ്ചനയാണെന്ന് ബി.ജെ. പി മധ്യ മേഖല പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. എരുമേലി മുതല്‍ സന്നിധാനം വരെ എല്ലാം തീര്‍ത്തും പരിതാപകരമായ അവസ്ഥയിലാണെന്ന് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ആര്‍ക്കും മനസിലാവും. മന്ത്രി നേരിട്ടു വിലയിരുത്തിയതാണോ അതോ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം അനുസരിച്ചാണോ ഇത്തരത്തിലുളള ഒരു വാര്‍ത്താ സമ്മേളനത്തിലെ അറിയിപ്പ് എന്ന് സംശയിക്കുന്നു.
ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ ആശ്രയമായ പമ്പയിലും എരുമേലിയും കാഞ്ഞിരപ്പള്ളിയിലും ഉളള സര്‍ക്കാര്‍ ആശുപത്രികള്‍ ഇപ്പോഴും പ്രാഥമിക പരിശോധന മാത്രം സാധ്യമാക്കുന്ന ആശുപത്രികളാണ്.പമ്പയിലും എരുമേലിയിലും വിശ്രമിക്കാന്‍ സാധിക്കുന്ന ഇടങ്ങള്‍ പോലീസ് സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്.
പ്രധാന ഇടത്താവളമായ എരുമേലിയില്‍ ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. സുരക്ഷിതമായ പേട്ടതുള്ളലിനു പോലും ഇപ്പോഴും കഴിയുന്നില്ല. അപകടരഹിതമാക്കാന്‍ സമാന്തര പാത പണിതുവെങ്കിലും പൂര്‍ത്തികരിക്കാനായിട്ടില്ല. ഭക്തര്‍ക്ക് കുടിക്കാനും കുളിക്കാനുമുളള നല്ല ജല ലഭ്യതയില്ല. വൃത്തിയുളള ശുചിമുറികളില്ല. പാലാ- രാമപുരം, എരുമേലി- പൊന്‍കുന്നം പാതകള്‍ വഴിവിളക്ക് ഇല്ലാതെ ഇരുട്ടിലാണെന്നും എൻ ഹരി പറഞ്ഞു