പത്തനംതിട്ട: സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത റേഷൻ വ്യാപാരി സമര സമിതിയുടെ നേതൃത്വത്തിൽ നവംബർ 19ന് സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ച് സൂചന സമരം നടത്തും.
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ഓണത്തിന് വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷൻ ബഹുഭൂരിപക്ഷം വ്യാപാരികൾക്കും നാളിതുവരെ കിട്ടിയിട്ടില്ല .കൂടാതെ ഓണത്തിന് നൽകാമെന്ന് പ്രഖ്യാപിച്ച 1000 രൂപ അലവൻസ് വിതരണവും പ്രഖ്യാപനം മാത്രമായി തുടരുകയാണ്.
മാസത്തിന്റെ ആദ്യ ആഴ്ചകളിൽ അഡ്വാൻസായി നൽകാമെന്ന് പറഞ്ഞ കമ്മീഷൻ രണ്ടുമാസം കഴിഞ്ഞിട്ടും നാളിതുവരെ നൽകിയിട്ടില്ല.
പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപനങ്ങൾ നടത്തുന്നത് കാണുന്ന കാർഡ് ഉടമകൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്.ഇത്രമാത്രം ആനുകൂല്യങ്ങൾ വ്യാപാരികൾക്ക് സർക്കാർ നൽകിയിട്ടും വ്യാപാരികൾ നിരന്തരം കടകളടച്ച് സമരത്തിന് ഇറങ്ങുന്നത് അനാവശ്യമാണെന്ന് കാർഡ് ഉടമകൾ കരുതുന്നത്.
സൂചന സമരം നടത്തിയിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഉണ്ടാകാത്തപക്ഷം ശക്തമായ സമരപരിപാടികൾ നടത്തുന്നതിനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം എന്ന് കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് ജോസഫ് പറഞ്ഞു.