ന്യൂഡൽഹി : അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ഇതാദ്യമല്ലെന്നും 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ വിശദീകരിച്ചു .നിയമവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. നിയമവിരുദ്ധമായി നീങ്ങുന്നവരെ തിരിച്ച് സ്വീകരിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണന്നും മന്ത്രി ചൂണ്ടിക്കാട്ടി
സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്. നാടുകടത്തപ്പെട്ടവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടിയേറ്റത്തിന് സഹായിച്ച ഏജന്റുമാർക്കും ഏജൻസികൾക്കുമെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു .അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രി.എന്നാൽ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന തൃപ്തികരമല്ലെന്ന് പ്രതിപക്ഷം പറഞ്ഞു.