പത്തനംതിട്ട: രാത്രികാല ജീവിതം സജീവമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ സംഘടിപ്പിച്ച മിഡ്നൈറ്റ് മാരത്തോൺ ആവേശമായി. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. 700 ൽ അധികമാളുകൾ നഗരവീഥികളിൽ ഓടാൻ ഇറങ്ങി.
ടൗൺ സ്ക്വയറിൽ നിന്ന് ആരംഭിച്ച് ഗാന്ധി പ്രതിമ, സെൻറ് പീറ്റേഴ്സ് ജംഗ്ഷൻ, വെട്ടിപ്പുറം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ടൗൺ സ്ക്വയറിൽ തിരികെ എത്തിയായിരുന്നു സമാപനം. സെൽഫി പോയിന്റുകളും ക്രമീകരിച്ചിരുന്നു. സ്ത്രീകൾ, പുരുഷന്മാർ, സർക്കാർ ഉദ്യോഗസ്ഥർ, വിവിധ സേനകളിലെ അംഗങ്ങൾ, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, സമ്മിശ്രം എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിൽ ടീമുകളായി തിരിച്ചായിരുന്നു പങ്കാളിത്തം ഉറപ്പാക്കിയത്.
ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ക്യാഷ് പ്രൈസ് നൽകി. പങ്കെടുത്ത എല്ലാവർക്കും ജേഴ്സിയും മെഡലും ലഘുഭക്ഷണവും നൽകി. സൂംബ ഡാൻസും കലാപരിപാടികളും അരങ്ങേറി.
പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരുന്നു പരിപാടി. മാരത്തോൺ പാതയിൽ പോലീസ് സുരക്ഷിതത്വം ഉറപ്പാക്കി. ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെയും വിന്യസിച്ചു. ജില്ലാ കലക്ടറോടൊപ്പം ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ, സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ അണി ചേർന്നു.