തൃശ്ശൂർ : തൃശൂർ വാടാനപ്പള്ളിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അടൂർ പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്റെ മകൻ അനിൽകുമാർ (40) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സഹപ്രവർത്തകൻ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോയെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രത്രി 11.30ഓടെയായിരുന്നു സംഭവം.
തൃത്തല്ലൂർ മൊളുബസാറിലെ ഗോഡൗൺ ഡ്രൈവർമാരാണ് ഇരുവരും. ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൽ വച്ച് മദ്യപിക്കുകയും അതിനിടയിൽ ഉണ്ടായ തർക്കത്തിൽ അനിൽകുമാറിനെ സുഹൃത്ത് കെട്ടിടത്തിൽ നിന്നും താഴേക്ക് തള്ളിയിടുകയുമായിരുന്നു. പിന്നാലെ ചാടിയ ഷാജു ചാക്കോ സമീപത്തുണ്ടായിരുന്ന കല്ലു കൊണ്ട് തലക്കും നെഞ്ചിലും ഇടിക്കുകയായിരുന്നു. പ്രതി തന്നെ ഉടമയേ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ എങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.